Kerala
തൊടുപുഴ: പുതുതായി നിര്മിച്ച ആയുര്വേദ ആശുപത്രി കെട്ടിടത്തിന്റെ ഉടമയോട് കംപ്ലീഷന് സര്ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭ അസി. എന്ജിനിയര് വിജിലന്സ് പിടിയിലായി.
എറണാകുളം കറുകുറ്റി സ്വദേശി എം.പി. ജോസിനെ (54)യാണ് ഇന്നലെ വൈകുന്നേരം ഇടുക്കി വിജിലന്സ് സംഘം പിടികൂടിയത്. നഗരസഭയില് സെക്രട്ടറിയുടെ അധികചുമതല വഹിക്കുന്നതും ഇദ്ദേഹമാണ്.
തൊടുപുഴ സ്വദേശിയായ ആയുര്വേദ ഡോക്ടര് പുതുതായി നിര്മിച്ച കെട്ടിടത്തിന് കംപ്ലീഷന് സര്ട്ടിഫിക്കറ്റ് അനുവദിച്ച് നല്കിയതിനാണ് 75,000 രൂപ കൈക്കൂലി വാങ്ങിയത്. സര്ട്ടിഫിക്കറ്റ് ലഭിക്കാന് തൊടുപുഴ നഗരസഭയില് 2025 ഒക്ടോബറില് ഓണ്ലൈനായി അപേക്ഷിച്ചിരുന്നു. നടപടി സ്വീകരിക്കാതെ എം.പി. ജോസ് ഒരു മാസത്തോളം ഫയല് പിടിച്ചുവച്ചു. പിന്നീട് സര്ട്ടിഫിക്കറ്റ് അനുവദിക്കാന് 1,50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
കൈക്കൂലി തുക ഒഴിവാക്കാന് ഡോക്ടര് തന്റെ ബില്ഡിംഗ് എന്ജിനിയര് മുഖേന ജോസിനോട് സംസാരിച്ചതിനെ തുടര്ന്ന് പിന്നീട് വേണ്ട വിധം കണ്ടാല് മതിയെന്ന് പറഞ്ഞ് സര്ട്ടിഫിക്കറ്റ് നല്കി. കഴിഞ്ഞ മേയില് ഡോക്്ടറെ വീണ്ടും ഇയാള് ഓഫീസില് വിളിച്ചുവരുത്തി.
കെട്ടിടത്തില് നിര്മിച്ചിരിക്കുന്ന ഇരുമ്പ് ഗോവണി പെര്മിറ്റില് ഇല്ലാത്തതിനാല് അനുവദിച്ച കെട്ടിട നമ്പരുകള് റദ്ദു ചെയ്യുമെന്നും അത് ഒഴിവാക്കണമെങ്കില് രണ്ടു ലക്ഷം രൂപ കൈക്കൂലി നല്കണമെന്നും ഇതില് 75,000 ഉടന് വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
പരാതിക്കാരന് ഈ വിവരം ഇടുക്കി വിജിലന്സ് ഡിവൈഎസ്പിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്ദേശാനുസരണം തൊടുപുഴ വെങ്ങല്ലൂരിലെ ബാറിനു സമീപത്തു വച്ച് പണം കൈമാറുന്നതിനിടെ കൈയോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇന്ന് മൂവാറ്റുപുഴ വിജിലന്സ് കോടതിയില് ഹാജരാക്കും.
District News
കായംകുളം: നഗരസഭാ കൗൺസിൽ യോഗത്തിനിടെ ചെയർമാൻ ശരത് ലാലിനുനേരേ കൈയേറ്റവും ജാതി അധിക്ഷേപവും നടന്നുവെന്ന പരാതിയിൽ എൽഡിഎഫ് കൗൺസിലർമാർക്കെതിരേ കേസെടുത്തു. എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്. കേശുനാഥ്, കൗൺസിലർമാരായ മിനി സലിം, അബ്ദുൾ വാഹിദ് എന്നിവർക്കെതിരേയാണ് ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലായിരുന്നു രണ്ടാം വാർഡിലെ അങ്കണവാടി താത്കാലികമായി മറ്റൊരു വാർഡിലേക്കു മാറ്റിയതുമായി ബന്ധപ്പെട്ട തർക്കം ഭരണ പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളിയിൽ കലാശിച്ചത്. അജണ്ടയിലില്ലാത്ത വിഷയം യോഗത്തിൽ ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് ചെയർമാൻ നിലപാടെടുത്തതോടെ പ്രതിപക്ഷം ബഹളം വയ്ക്കുകയും ചെയർമാന്റെ ഡയസിലേക്ക് ഇരച്ചുകയറുകയും ചെയ്തു. ചെയർമാനെ അസഭ്യം പറയുകയും ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് തള്ളി താഴെയിടുകയും നിലത്തുവീണ ചെയർമാനെ ക്രൂരമായി മർദിക്കുകയും ചവിട്ടുകയും ചെയ്തതായി ചെയർമാൻ ശരത്ലാൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ചെയർമാന്റെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
District News
കായംകുളം: കായംകുളം നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട് ലൈസൻസികളിൽനിന്നും ഉദ്യോഗസ്ഥർ ഓൺലൈൻ വഴി വ്യാപകമായി കൈക്കൂലി വാങ്ങിയതായി പരിശോധനയിൽ വ്യക്തമായി.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിടനിർമാണ അനുമതിയുമായി ബന്ധപ്പെട്ട അഴിമതികൾ കണ്ടെത്താൻ പ്രോജക്ട് സിറോയുടെ ഭാഗമായി വിജിലൻസ് സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയ ഓപ്പറേഷൻ പാർപ്പിടം എന്ന പദ്ധതിയുടെ ഭാഗമായാണ് കായംകുളത്തും പരിശോധന നടന്നത്.
നഗരസഭയിലെ ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ ഒരു ക്ലർക്ക് മൂന്ന് ലൈസൻസികളിൽനിന്നായി 31,000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റിയതായി വിജിലൻസ് കണ്ടെത്തി. ഇതേ ഓഫീസിലെ തന്നെ ഒരു ഓവർസിയർ ഒരു ലൈസൻസിയിൽനിന്നും 3,000 രൂപ ഓൺലൈൻ മുഖേന കൈപ്പറ്റിയതായും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണ അനുമതി, താമസാനുമതി സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ അനുവദിക്കൽ, നികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ടെത്തിയ ക്രമക്കേടുകളിൽ വിശദമായ തുടർപരിശോധനകൾ നടത്തി കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി കോൺഗ്രസ്. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡന്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും നാല് കോൺഗ്രസ് കൗൺസിലർമാരും പിന്തുണച്ചതോടെയാണ് പാല മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായത്. ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയത്തെ പാർട്ടി വിപ്പ് ലംഘിച്ച് പിന്തുണച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു.
പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് വേണ്ടെന്ന് പറഞ്ഞ നാട്ടകം സുരേഷ്, വിപ്പ് ലംഘിച്ചവർക്കെതിരെ പാർട്ടി നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചു എന്ന് പറഞ്ഞാൽ അവർ പാർട്ടിയിൽ നിന്ന് സ്വയം പുറത്തായി.
എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടാക്കിയെന്ന ആരോപണവും നാട്ടകം സുരേഷ് ഉന്നയിച്ചിരുന്നു. ഇതിന്റെ ഭവിഷ്യത്തുകൾ അവർ മനസിലാക്കും. പാർട്ടിക്കെതിരായ നടപടികൾ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കില്ലെന്നും നടപടി എന്തെന്നത് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുമെന്നുമായിരുന്നു നാട്ടകം സുനിലിന്റെ പ്രതികരണം.
District News
ഇരിങ്ങാലക്കുട: തെരുവുനായ്ക്കളെ പാര്പ്പിക്കാന് ഷെല്ട്ടര് നിര്മിക്കുന്നതിന് സ്ഥലംനല്കാന് താത്പര്യപത്രം ക്ഷണിച്ച് ഇരിങ്ങാലക്കുട നഗരസഭ. 25 സെന്റില് കുറയാത്ത കരപുരയിടത്തില്പ്പെട്ട സ്ഥലം അഞ്ചുവര്ഷത്തേക്ക് വിട്ടുനല്കാനും ലീസ് എഗ്രിമെന്റ് വയ്ക്കുന്നതിനും താത്പര്യമുള്ള സ്ഥലമുടമകളില്നിന്നാണ് പ്രതിമാസ വാടകനിരക്കില് താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ഒന്നാംവാര്ഡ് മൂര്ക്കനാട്, തെരുവുനായ്ക്കളെ പാര്പ്പിക്കാന് ഷെല്ട്ടര് നിര്മിക്കാന് നേരത്തേ തീരുമാനിച്ചിരുന്നു.
ഇതിനായി 40 സെന്റ് സ്ഥലം പതിനായിരം രൂപയ്ക്ക് മൂര്ക്കനാട് വള്ളിക്കാഞ്ഞിരത്ത് കണ്ടെത്തുകയും തരം മാറ്റം ലഭിക്കുന്നതനുസരിച്ച് കരാര് നടപടികളുമായി മുന്നോട്ടുപോകാന് കൗണ്സില് തീരുമാനിക്കുകയുംചെയ്തു. എന്നാല് പ്രദേശവാസികള് പ്രതിഷേധവുമായി രംഗത്തെത്തി. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില് പ്രതിഷേധമുയര്ന്നതോടെ നഗരസഭ നടപടികള് നിര്ത്തിവച്ചിരിക്കുകയായിരുന്നു.
തെരുവുനായ്ക്കളുടെ എണ്ണം വര്ധിച്ചതോടെ ഡോഗ് ഷെല്ട്ടര് തുടങ്ങാനുള്ള നഗരസഭ നടപടികള് നിയമവിധേയമാക്കാനുള്ള നടപടികളാണ് നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
Kerala
കൊച്ചി: തൃക്കാക്കരയില് 12 വയസുകാരി റോഡില് നിന്ന് 30 അടി താഴ്ചയിലേക്ക് വീണു മരിച്ച സംഭവത്തില് നഗരസഭ ഓഫീസിന് മുന്നില് ഇടതു കൗണ്സിലര്മാരുടെ പ്രതിഷേധം. അപകടസ്ഥലത്ത് സംരക്ഷണ ഭിത്തി നിര്മിക്കുമെന്ന് സെക്രട്ടറി നല്കിയ ഉറപ്പ് പാലിക്കാത്തതിലാണ് സമരം.
മാവേലിപുരം ഗുഡ് എര്ത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്ലാറ്റില് താമസിക്കുന്ന റോണ് ആന്ഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകള് റിഹാന കാതറിന് ആന്ഡ്രൂസ് ആണ് ഞായറാഴ്ച വൈകിട്ട് മരിച്ചത്. സഹോദരനൊപ്പം സൈക്കിള് ചവിട്ടുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
ഇവിടെ അടിയന്തരമായി സംരക്ഷണ ഭിത്തി കെട്ടും എന്ന ഉറപ്പ് നഗരസഭ സെക്രട്ടറി നല്കിയിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. നഗരസഭ എന്ജിനീയറിംഗ് വിഭാഗത്തിന് മുന്നില് കുത്തിയിരുന്നാണ് നഗരസഭയിലെ ഇടത് കൗണ്സിലര്മാരുടെ പ്രതിഷേധം. സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രവര്ത്തകരും ഇവിടേക്ക് എത്തിയിട്ടുണ്ട്.
സെക്രട്ടറി ഇന്ചാര്ജിന് ഈ വിഷയം സൂചിപ്പിച്ച് ഒരു വര്ഷം മുമ്പ് നല്കിയ പരാതിയുടെ കോപ്പിയടക്കം കാണിച്ചു കൊണ്ടാണ് സമരം. സംരക്ഷണ വേലിയുടെ നിര്മാണം ആരംഭിക്കാതെ നഗരസഭ ഓഫീസിന് മുന്നില് നിന്നും മാറില്ല എന്നാണ് സമരക്കാര് പറയുന്നത്. പ്രതിഷേധം ഭയന്ന് ചെയര്മാന് റാഷിദ് ഉള്ളംപിള്ളി, സെക്രട്ടറി ഇന്ചാര്ജ് സിഎസ് ഷിജു എന്നിവര് മുറിയും പൂട്ടി പുറത്തേക്ക് പോയി.
Kerala
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ആക്രമണത്തിൽ കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും കടിയേൽക്കുന്നത് പതിവ്. ടെണ്ടർ നടപടികൾ പോലുമില്ലാതെ മുൻകൂർ അനുമതിയോടെ ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തെരുവുനായ ഷെൽട്ടറുകളിൽ ഒരു നായയെ പോലും ഇന്നുവരെ സംരക്ഷിച്ചിട്ടില്ല.
ഇതോടെ അധികൃതരുടെത് അനങ്ങാപ്പാറ നയമെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നഗരസഭാങ്കണത്തിൽ പ്രതിഷേധിച്ചു.
നഗരസഭാ ഉപാധ്യക്ഷ ഷെറീനാ ഷുക്കൂറിന്റെ വാർഡിൽ കന്നുകാലികൾക്ക് നായകളുടെ കടിയേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ ഷെറിനാ ഷുക്കൂറിനേയും തെരുവുനായകൾ ആക്രമിക്കാൻ ശ്രമിചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.
അശാസ്ത്രീയമായ മാലിന്യ സംഭരണം മൂലം നഗരസഭയുടെ മാലിന്യ സംഭരണിക്കുള്ളിൽ നായകൾ പെറ്റുപെരുകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നൊണ് പ്രതിപക്ഷ ആരോപണം. തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ പകൽ സമയങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
Kerala
കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.
അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.
മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.
യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.
Kerala
കോഴിക്കോട്: മുക്കം നഗരസഭയിൽ എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. റവന്യൂ ഇന്സ്പെക്ടര് ധന്യ ജയറാമിനാണ് പരിക്കേറ്റത്. വിധവ പെൻഷനുമായി ബന്ധപ്പെട്ട് ഓഫീസിൽ എത്തിയതായിരുന്നു സ്ത്രീ.
ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് സംഭവമുണ്ടായത്. ഉദ്യോഗസ്ഥർ ഭക്ഷണം കഴിക്കാൻ പോയതാണെന്ന് ജീവനക്കാരി പറഞ്ഞതാണ് സ്ത്രീയെ പ്രകോപ്പിച്ചത്. ജീവനക്കാരിയെ അസഭ്യം പറയുകയും പിന്നീട് മുടിയിൽപ്പിടിച്ച് വലിച്ച് കടിക്കുകയുമായിരുന്നു.
ഓഫീസിലെ ഫയലുകൾ ഇവർ വലിച്ചെറിയുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച രണ്ട് വനിതാ സ്റ്റാഫുകളെ ആക്രമിക്കുകയും ചെയ്തു. രണ്ട് സ്റ്റാഫുകൾക്കും പരിക്കേറ്റിട്ടുണ്ട്.
District News
ഒറ്റപ്പാലം: വേനലിന്റെ വറുതിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായികൊണ്ടിരിക്കെ ഇതിന് പരിഹാരം കാണേണ്ട നഗരസഭ മുൻ വർഷം ചെയ്ത താത്കാലിക പദ്ധതിപോലും വേണ്ടെന്നുവെച്ചതായി ആക്ഷേപം.
കഴിഞ്ഞ വേനലിൽ ഏറെ ഉപകാരപ്പെട്ടിരുന്ന തോടുകളിൽ താത്കാലികമായി നിർമിച്ചിരുന്ന തടയണകളുടെ നിർമാണമാണ് ഇത്തവണ അധികൃതർ വേണ്ടന്ന് വെച്ചത്.
കണ്ണിയംപുറം, കിഴക്കേതോടുകളിൽ വേനലാവുന്നതിനുമുമ്പ് കെട്ടിയിരുന്ന തടയണകളാണ് നഗരസഭ ഇത്തവണ സ്ഥാപിക്കാതിരുന്നത്.ഈ തടയണകൾ കിണറുകളിൽ വെള്ളം നിലനിർത്തുന്നതിനും കാർഷികാവശ്യത്തിനും ഗുണകരമായിരുന്നു.കുടിവെള്ളത്തിന് ജനങ്ങൾ ബുദ്ധിമുട്ടുന്നതിനിടെയാണ് തോടുകളിലെ വെള്ളവും വറ്റിയിരിക്കുന്നത്.
കണ്ണിയംപുറത്ത് പനമണ്ണ തോട്ടുപാലം, ലക്ഷംവീടിനുസമീപം, തിരുവോർത്ത് പാറ, പൂക്കാട്ടുകുറുശി, കിഴക്കേതോട്ടിൽ കോലോത്ത്കുന്ന് കുടിവെള്ളപദ്ധതിക്ക് സമീപം എന്നിവടങ്ങളിലാണ് എല്ലാവർഷവും തടയണ നിർമിക്കാറുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ മണൽചാക്കുകൾ നിറച്ചാണ് തടയണകൾ കെട്ടാറുള്ളത്. കാഞ്ഞിരപ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളവും തടയണയിൽ സംഭരിക്കാൻ കഴിയുമായിരുന്നു.വേനലെത്തിയാൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളാണ് കണ്ണിയംപുറം, പനമണ്ണ മേഖലകൾ.
നഗരസഭയുടെ സമഗ്ര കുടിവെള്ളപദ്ധതിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യത്തിൽ ഇടക്കിടെ തടസപ്പെടാറുണ്ട്. ചില പാടശേഖരസമിതികൾ തോട്ടിലെ വെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കാറുണ്ടായിരുന്നത്. പച്ചക്കറി കൃഷിക്കും ആശ്രയം ഈ വെള്ളം തന്നെയായിരുന്നു. ഇപ്പോൾ തോട്ടിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽനിന്ന് മോട്ടോർവെച്ച് പമ്പ് ചെയ്താണ് ചിലർ കൃഷിക്ക് ഉപയോഗിക്കുന്നത്.
ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയ പാലം നിർമിക്കുന്നതിനാലാണ് ഇത്തവണ തടയണകൾ കെട്ടാതിരുന്നതെന്ന വിചിത്രമായ മറുപടിയാണ് ഇക്കാര്യത്തിൽ നഗരസഭ അധികൃതരുടേത്.
District News
നെയ്യാറ്റിന്കര : നെയ്യാറ്റിന്കര നഗരസഭ കൗണ്സിലില് ഉദ്യോഗസ്ഥര്ക്കെതിരേ മോഷണം ഉള്പ്പെടെയുള്ള ആരോപണങ്ങള് നിരത്തി കൗണ്സിലര്മാര്.
വിവിധ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരുടെ മുറികളില് പതിപ്പിച്ചിരുന്ന മുന്കാല ചെയര്പേഴ്സണ്മാരുടെ പേരും കാലാവധിയും രേഖപ്പെടുത്തിയിരുന്ന ബോര്ഡ് കാണാനില്ലെന്ന പരാതിയാണ് ആദ്യം കൗണ്സിലില് ഉയര്ന്നത്.
തേക്ക് തടിയില് തീര്ത്തിട്ടുള്ള ബോര്ഡ് വില പിടിപ്പുള്ളതാണെന്നും ആ ബോര്ഡ് കൈക്കലാക്കിയവരെ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്നും കൗണ്സിലര് സുരേഷ് കുമാര് ആവശ്യപ്പെട്ടു. താന് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണായിരുന്നപ്പോള് 198 കസേരകള് വാങ്ങിച്ചുവെന്നും ഇപ്പോള് നൂറെണ്ണം പോലും നഗരസഭയില് കാണാന് സാധ്യതയില്ലെന്നും കൗണ്സിലര് ആര്. അജിത ആരോപിച്ചു. എസ്.എസ്. ജയകുമാര് ചെയര്മാനായിരുന്ന സമയത്ത് നടത്തിയ ലേല സാമഗ്രികള് നഗരസഭയില് നിന്നും ലേലം പിടിച്ചവര് അറിയാതെ അപ്രത്യക്ഷമായ സംഭവം കൗണ്സിലര് സലിം വിവരിച്ചു.
കെട്ടിടങ്ങളുടെ നന്പര് നല്കുന്നതിലെ അപാകത, നഗരസഭയിലെത്തുന്ന ഉപഭോക്താക്കളോട് ധിക്കാരത്തോടെയുള്ള പെരുമാറ്റം, അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ സ്കേറ്റിംഗ് റിങ്ക് സ്വകാര്യ വ്യക്തിക്ക് ഉപയോഗിക്കാന് നല്കിയതിലെ അനാസ്ഥ എന്നിങ്ങനെ വിവിധ പരാതികള് നഗരസഭയിലെ ഉദ്യോഗസ്ഥര്ക്കെതിരേ കൗണ്സിലില് ഉയര്ന്നു.
26 പദ്ധതി പ്രവര്ത്തനങ്ങള് ഈ സാന്പത്തിക വര്ഷം ആരംഭിക്കേണ്ടതുണ്ടന്നു നഗരസഭ ചെയര്പേഴ്സണ് ഡബ്ല്യൂ.ആര് ഹീബ കൗണ്സിലിനെ അറിയിച്ചു. ഡിപിസി ചേര്ന്നാലേ ഇതു സംബന്ധിച്ച നടപടികള് നടക്കുകയുള്ളൂ. ഈ പ്രവൃത്തികളുടെ കരാര് തയാറാക്കുന്പോള് പദ്ധതി പൂര്ത്തിയാക്കുന്ന കാലാവധി സംബന്ധിച്ചും കരാറില് വ്യക്തമാക്കിയിരിക്കണം.
അടുത്ത ദിവസം തന്നെ പൊതുമരാമത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കോണ്ട്രാക്ടര്മാരുടെ യോഗം വിളിച്ചു ചേര്ക്കുന്നുണ്ട്. കരാര് ഏറ്റെടുത്തിട്ടും പണി കൃത്യമായി പൂര്ത്തിയാക്കാത്ത കോണ്ട്രാക്ടര്മാരുടെ ലിസ്റ്റ് നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്ദേശിച്ചിട്ടുണ്ടെന്നും ഹീബ പറഞ്ഞു.
Kerala
കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രപരിസരത്തെ ഭൂമി നഗരസഭയ്ക്കു കൈമാറാനുള്ള സര്ക്കാര് തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.
സാംസ്കാരിക നിലയം സ്ഥാപിക്കാന് 31.8 സെന്റ് ഭൂമി കൊട്ടാരക്കര നഗരസഭയ്ക്ക് മൂന്നു വര്ഷത്തേക്കു പാട്ടത്തിന് നല്കാനുള്ള ഫെബ്രുവരി 20ലെ റവന്യു വകുപ്പിന്റെ ഉത്തരവാണ് ജസ്റ്റീസുമാരായ വി.രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹിന്ദു ഐക്യവേദി ഭാരവാഹികളായ വി. സുരേഷ്, ഗോപാലകൃഷ്ണന് എന്നിവര് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലറെ ഒഴിവാക്കി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗൺസിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. .
Kerala
തിരുവല്ല: നഗരസഭാധ്യക്ഷയായി കേരള കോണ്ഗ്രസിലെ എസ്. ലേഖ തെരഞ്ഞെടുക്കപ്പെടും. വൈസ് ചെയര്മാനായി കോണ്ഗ്രസിലെ കെ.വി. വര്ഗീസിനെയാണ് നിര്ദേശിച്ചിരിക്കുന്നത്.
നഗരസഭ 21 ാം വാര്ഡിനെയാണ് ലേഖ പ്രതിനിധീകരിക്കുന്നത്. കെ.വി. വര്ഗീസ് നഗരസഭ മുന് ചെയര്മാന് കൂടിയാണ്. പത്താംവാര്ഡ് പ്രതിനിധിയാണ് കെ.വി. വര്ഗീസ്.
നാലുവര്ഷം ലേഖയ്ക്ക് ചെയര്മാന് സ്ഥാനം ലഭിക്കും. പിന്നീട് മുസ് ലിംലീഗിലെ ജ്യോതി വിജയന് അധ്യക്ഷയാകും. വൈസ് ചെയര്മാന് സ്ഥാനത്ത് രണ്ടാം ടേമില് സാറാമ്മ ഫ്രാന്സിസ് എത്തും.
പന്തളത്ത് കൃഷ്ണകുമാരി
പന്തളം: പന്തളം നഗരസഭയില് ചെയര്പേഴ്സണ് സ്ഥാനത്തേക്ക് സിപിഎമ്മിലെ എം.ആര്. കൃഷ്ണകുമാരിയാണ് എല്ഡിഎഫ് സ്ഥാനാര്ഥി. 34 അംഗ കൗണ്സിലില് എല്ഡിഎഫിന് 14 അംഗങ്ങളാണുള്ളത്.
11 അംഗങ്ങളുള്ള യുഡിഎഫ് സുനിത വേണുവിനെയാണ് മത്സരിപ്പിക്കുന്നത്. ഒമ്പതംഗങ്ങളുള്ള ബിജെപി മുന് അധ്യക്ഷ സുശീല സന്തോഷിനെയും മത്സരിപ്പിക്കുന്നു.
Kerala
അടൂര്: യുഡിഎഫ് ഭരണത്തിലെത്തിയ അടൂര് നഗരസഭയില് കോണ്ഗ്രസിലെ റീന ശാമുവേല് അധ്യക്ഷയാകും. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ഡി. ശശികുമാറിനെയാണ് നിര്ദേശിച്ചിരിക്കുന്നത്.
തര്ക്കങ്ങള്ക്കൊടുവിലാണ് അടൂര് നഗരസഭയിലെ വീതംവയ്പ് അവസാനം രമ്യതയിലെത്തിയത്. സീനിയര് കൗണ്സിലറായ റീനാ ശാമുവേല് അഞ്ചുവര്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇത് മൂന്നുവര്ഷമായി പരിമിതപ്പെടുത്തിയപ്പോള് സ്ഥാനം രാജിവയ്ക്കുമെന്ന് അവര് ഭീഷണിപ്പെടുത്തി.
ചര്ച്ചകള്ക്കൊടുവില് റീനയ്ക്ക് ആദ്യ മൂന്നുവര്ഷവും പിന്നീടുള്ള ഓരോ വര്ഷം പ്രീതു ജഗത്, മുംതാസ് എന്നിവര്ക്കായി നല്കും. വൈസ് ചെയര്മാന് സ്ഥാനം ആദ്യം ഡി. ശശികുമാറിനാണ്. പിന്നീട് ബിജു വര്ഗീസ് സ്ഥാനത്തെത്തും.
13 ാം വാര്ഡ് കൗണ്സിലറായ റീന ശാമുവേല് ഇത് മൂന്നാംതവണയാണ് കൗണ്സിലറാകുന്നത്. 12 ാം വാര്ഡ് കൗണ്സിലറായ ശശികുമാറിന്റെ കൗണ്സിലര് സ്ഥാനത്തെ നാലാം ടേമാണ്.
District News
വൈക്കം: നഗരസഭയിൽ 13 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ യുഡിഎഫ് സ്വതന്ത്രരെ കൂടെക്കൂട്ടി ഭരണത്തിലേറാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആകെയുള്ള 27 സീറ്റിൽ യുഡിഎഫ് -13, എൽഡിഎഫ് -ഏഴ്, എൻഡിഎ -മൂന്ന്, എൽഡിഎഫ് സ്വതന്ത്രർ-രണ്ട്, സ്വതന്ത്രർ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
കേവല ഭൂരിപക്ഷത്തിന്14 അംഗങ്ങൾ വേണമെന്നിരിക്കേ രണ്ടു സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് അനിവാര്യമാണ്.കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണം സുഗമമാകണമെങ്കിൽ സ്വതന്ത്ര അംഗങ്ങളെ കൂടെ നിർത്താനുള്ള തന്ത്രങ്ങൾ യുഡിഎഫ് നേതൃത്വം മെനയുകയാണ്.
കഴിഞ്ഞ തവണയും വലിയ ഒറ്റക്കക്ഷിയായിമാറി യുഡിഎഫ് ഭരണം നേടിയിരുന്നു.
Kerala
തിരുവനന്തപുരം: പന്തളം നഗരസഭയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടപ്പോൾ എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
എൽഡിഎഫിന് 14 സീറ്റാണ് ലഭിച്ചത്. യുഡിഎഫിന് 11 സീറ്റും ബിജെപിക്ക് ഒന്പത് സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണ പാലക്കാടിന് പുറമെ എൻഡിഎ അധികാരത്തിലുണ്ടായിരുന്ന മുനിസിപ്പാലിറ്റിയാണ് പന്തളം.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഭരണം ഉറപ്പിച്ച് എൻഡിഎ. ഒരു സീറ്റിന്റെ ലീഡിലാണ് ഭരണം ഉറപ്പിച്ചത്. എൻഡിഎയ്ക്ക് 21 സീറ്റാണ് ലഭിച്ചത്.
രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫിന് 20 സീറ്റാണ് കിട്ടിയത്. മൂന്നമതുള്ള യുഡിഎഫിന് 12 സീറ്റാണുള്ളത്.
District News
സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ റോഡുകൾ തകർന്നതോടെ ദുരിത്തിലായി യാത്രക്കാർ.തൊടുവെട്ടി, തേലംപറ്റ റോഡുകൾ ശോച്യാവസ്ഥയിലായിട്ട് വർഷങ്ങളായി. തൊടുവെട്ടി റോഡ് തകർന്നിട്ട് പത്തു വർഷത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു. പലഭാഗത്തും ടാർ മുഴുവനായും ഇളകി.
ടാറിംഗ് പോയതോടെ റോഡിന്റെ വശങ്ങളിൽ പലയിടത്തും അപകടകരമായ ഉയരവ്യത്യാസമാണ്. വാർഡിലെ കൗണ്സിലർമാരോട് പരാതി പറഞ്ഞിട്ടും ഗുണമൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീഴുന്നത് സ്ഥിരമാണ്.
ബത്തേരി ടൗണിൽ തിരക്കേറുന്പോൾ ദേശീയപാത 776 ലേക്ക് പ്രവേശിക്കാൻ ഉപയോഗിക്കുന്ന പാതകൂടിയാണിത്. മൈസൂരു ഭാഗത്തുനിന്ന് വരുന്ന യാത്രക്കാർക്ക് ബത്തേരിയിലെ തിരക്കൊഴിവാക്കി ഊട്ടി റോഡിലേക്ക് എത്താവുന്ന വഴി കൂടിയാണിത്.
ആശുപത്രി, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലേക്കു കുട്ടികളടക്കം ഒട്ടേറെ ആളുകൾ ദിവസേന സഞ്ചരിക്കുന്നതും ഇതുവഴിയാണ്. ഒട്ടനവധി ഉന്നതികൾ ഉള്ള ഈ പ്രദേശത്തെ റോഡ് അടിയന്തരമായി പുനരുദ്ധരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.